കണ്ണൂർ: താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാന്റീൻ കഴിഞ്ഞ രണ്ട് ദിവസമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
ഇടുക്കി കട്ടപ്പന സ്വദേശിയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം അഴുകിയ നിലയിലായതിനാൽ കൃത്യമായ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. സ്വാഭാവിക മരണമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: Unidentified Body Found in Thana Water Authority Canteen





































