കൊച്ചി: അവശ്യ സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റൽ സേവന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും, പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാണെന്നും ജസ്റ്റിസ് എൻ നഗരേഷ് ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത ഹർജി തള്ളി
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എന്‍റർപ്രണേഴ്‌സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചത്. സേവനങ്ങളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവർത്തനച്ചെലവ് എന്നിവ പരിഗണിക്കാതെയാണ് ഈ ഉത്തരവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധി സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സർക്കാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ഇത് സഹായിക്കും.
Akshaya Centers have no right to charge service charges