കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും കൃഷി ഓഫീസർമാരുടെയും യോഗം എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്നു. യോഗത്തിൽ കല്യാശേരി ബ്ലോക്ക് കൃഷി അഡീഷ്ണൻ ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു.
കൃഷി വകുപ്പ് സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിക്ക് 30.25 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഏറെ പോഷക ഗുണമുള്ള കൂണിൻ്റെ ഉല്പാദന വർദ്ധനവും മൂല്യവർദ്ധനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയിൽ 100 ചെറുകിട കൂൺ ഉൽപാദന യൂണിറ്റുകൾ, രണ്ട് വൻകിട ഉൽപാദന യൂണിറ്റുകൾ, ഒരു സ്പോൺ (വിത്തുത്പാദനം) യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.


ചെറുകിട കൂൺ ഉൽപാദന യൂണിറ്റ് ഒന്നിന് സബ്സിഡി 11,250 രൂപയാണ്. വൻകിട കൂൺ ഉല്പാദന യൂണിറ്റ് ഒന്നിന് സബ്സിഡി രണ്ട് ലക്ഷം രൂപയും കൂൺ വിത്ത് ഉല്പാദന യൂണിറ്റിന് സബ്സിഡി 2,00,000 രൂപയും ലഭിക്കും. കൂൺ സംസ്കരണ യൂണിറ്റ് ഒന്നിന് സബ്സിഡി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. പാക്ക് ഹൗസ് യൂണിറ്റ് ഒന്നിന് രണ്ട് ലക്ഷം രൂപ സബ്സിഡി കിട്ടും. കമ്പോസ്റ്റ് ഉൽപാദന യൂണിറ്റ് ഒന്നിന് സബ്സിഡി 50,000 രൂപയാണ്. ഇതോടൊപ്പം പരിശീലന പരിപാടികളും ചേർന്നതാണ് സമഗ്ര കൂൺ ഗ്രാമം പദ്ധതി. കൂൺ ഉൽപാദന യൂണിറ്റുകൾക്കൊപ്പം സംസ്കരണം, മൂല്യ വർദ്ധിത ഉൽപന്നങ്ങൾ എന്നിവയും ഉണ്ടാവും.
പരിശീലന പരിപാടികൾക്കായി കൂൺ ഗ്രാമം ഒന്നിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. കർഷകർ, കൃഷിക്കൂട്ടങ്ങൾ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. താല്പര്യമുള്ള കർഷകർ സെപ്റ്റംബർ 25 നുള്ളിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിന് കീഴിലുള്ള അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണം.
മണ്ഡലത്തിലെ പത്ത് ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കാനും സാധിക്കുമെന്നും എം വിജിൻ എം എൽ എ പറഞ്ഞു. ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സബിത എംടി, ജിഷ ബേബി, വി വിനീത, ടി പ്രീത, കൃഷി ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Koon Gramam project