വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തില്‍ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു. മാരൻ്റെ കഴുത്തിലാണ് കടുവയുടെ കടിയേറ്റത്. ജനവാസ മേഖലയിൽ നിന്ന് 500 മീറ്ററോളം ഉള്ളിൽ വെച്ചാണ് മാരനെ കണ്ടെടുത്തത്. കാട്ടിൽ നിന്ന് കൊണ്ടുവരുന്നതിനിടയാണ് മരിച്ചത്.
Middle-aged man killed in tiger attack





































