തളിപ്പറമ്പ : നിത്യേന ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തിച്ചേരുന്ന ശ്രീരാജരാജേശ്വര ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്ന് മാസങ്ങളായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണക്കാർ എം എൽ എ യുടെ വികസനഫണ്ട് മറയാക്കി തളിപ്പറമ്പിൽ പഴയ ബസ് വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ചുമാറ്റി ജനങ്ങളെ പെരുവഴിക്കാക്കി നിർമ്മാണ പ്രവർത്തിയിൽ തികഞ്ഞ അലംഭാവം കാട്ടുകയാണെന്ന് ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ ആരോപിച്ചു.
പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എൽ എ ഫണ്ടിൻ്റെ വിനിയോഗം നടത്തുന്നതെന്നും, രാജരാജേശ്വര ക്ഷേത്രം റോഡ് നവീകരണം വൈകുന്നതിന് കാരണം റോഡ് കരാറുകാരനും സി പി എം നേതാക്കളും തമ്മിലുള്ള സാമ്പത്തിക വിലപേശലിൽ ധാരണയിൽ എത്താത്തത് കൊണ്ടാണെന്നും എ പി ഗംഗാധരൻ പറഞ്ഞു.


ഭരണക്കാരുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ദുരതത്തിലാക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നും രാജരാജേശ്വര റോഡ് നിർമ്മാണവും, പൊളിച്ചുമാറ്റിയ തളിപ്പറമ്പ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പുനഃസ്ഥാപനവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എ പി ഗംഗാധരൻ ആവശ്യപ്പെട്ടു.
AP Gangadharan