പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി കൂടിമരിച്ചു. മത്സ്യ തൊഴിലാളി ഒഡീഷ കുർദ് സാലി പട് പൂർ സുഡൻ പൂർ സ്വദേശി നിഗം ബഹ്റ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പുലർച്ചെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒഡീഷ സ്വദേശി സുഭാഷ് ബഹ്റ (53) മരണപ്പെട്ടിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് ഇരുവരും മരണപ്പെട്ടത്. ഒക്ടോബർ 10 ന് വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ശിവ ബഹ്റ, ജിതേന്ദ്ര ബഹ്റ, എന്നിവർക്കും പൊള്ളലേറ്റിരുന്നു. നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്.


നാലു പേരും പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ മത്സ്യ തൊഴിലാളികളായിരുന്നു. താമസിക്കുന്ന റൂമിൽ വെച്ച് ഭക്ഷണം പാചകം ചെയ്‌തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തമുണ്ടായത്. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
gas cylinder leak in Puthiyangadi