സന്തോഷിക്കാനും സന്തോഷിപ്പിക്കാനും ഒരവസരം തേടുന്നവർക്ക് തളിപ്പറമ്പിൽ സ്ഥിരം വേദിയൊരുങ്ങുന്നു. വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിവുള്ള താല്പര്യമുള്ള തളിപ്പറമ്പ മണ്ഡലത്തിലെ സ്ഥിരം താമസക്കാർക്ക് കലാപരിപാടികളേതുമാകട്ടെ എല്ലാ ശനിയാഴ്ചകളിലും ഹാപ്പിനെസ് സ്ക്വയറിൽ തീർത്തും സൗജന്യമായി അവതരിപ്പിക്കാം.
തളിപ്പറമ്പ മണ്ഡലത്തിലെ കലാ പ്രതിഭകൾക്ക് അവരുടെ പ്രകടനങ്ങൾ കാഴ്ച വെക്കാൻ ഒരു വേദി ഒരുക്കുക എന്നതും, തളിപ്പറമ്പ്കാർക്ക് ഇവരുടെ പരിപാടികൾ കാണുന്നതിന് അവസരം ഒരുക്കുക എന്നതുമാണ് ഈ പരിപാടി കൊണ്ട് ഉദ്യേശിക്കുന്നത്, തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായ തളിപ്പറമ്പ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മൻ്റ് കൗൺസിലിന്റെ ( TDMC ) നേതൃത്വത്തിലാണ് ഈ പ്രതിവാര പരിപാടി നടത്തുന്നത്. ഈ പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ നേരത്തെ അവരുടെ അപേക്ഷ TDMC യുടെ വാട്ട്സപ്പിലോ, ഓഫീസിൽ നേരിട്ടോ നൽകണം. അതിൽ നിന്നും പരിശോദിച്ച് അർഹാമായവർക്ക് തീയ്യതിയും സമയവും TDMC നിശ്ചയിച് നൽകും. താല്പര്യമുള്ള ഓരോ കലാ പ്രതിഭയും അവരുടെ അപേക്ഷ വ്യക്തിപരമായാണ് നൽകേണ്ടത്.


പ്രതിവാര സാംസ്കാരിക പരിപാടി “റിഥം ഓഫ് ഹാപ്പിനസ്” ശനിയാഴ്ച വൈകിട്ട് 5 ന് ഹാപ്പിനെസ് സ്ക്വയറിൽ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് തളിപ്പറമ്പ നഗരസഭയിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് ഏഴിന് വരുൺ വിശ്വനാഥ് ആൻഡ് ക്രൂ അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്.
ഓരോ മനുഷ്യരുടെയും ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സ്പർശിക്കുന്ന സമഗ്ര മാറ്റവുമായി മുന്നേറുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ ഒരുമിച്ചിരിക്കാനും പരിപാടികൾ അവതരിപ്പിക്കാനും , ആസ്വദിക്കാനുമായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ കഴിഞ്ഞ ജനുവരിയിലാണ് ഹാപ്പിനെസ് സ്ക്വയർ പൊതു ജനങ്ങൾക്കായി തുറന്നു നൽകിയത്.
കൂടുതൽ വിവരങ്ങൾക്ക് 8547545884
rythm of happiness