തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കണ്ണൂർ ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാർഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും സിപിഎമ്മിന് എതിരാളികളില്ല. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഈ വാര്‍ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു.ആന്തൂരിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ യുഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥികളും സ്വതന്ത്രരും പത്രിക നൽകിയില്ല.
മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുണ്ട്. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ 5,6 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാനായില്ല. കണ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് 13ലും വാര്‍ഡ് 14ലുമാണ് സിപിഎമ്മിന് എതിരാളികളില്ലാത്തത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്ന് ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സലമർപ്പിച്ചിരിക്കുന്നത്. 19959 പത്രികകളാണ് ജില്ലയിലാകെ ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പത്രിക സമര്‍പ്പിച്ചത്. 5227 പേരാണ് വയനാട്ടിൽ പത്രിക നൽകിയത്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്.നാളെയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. മിക്ക ജില്ലകളിലും മൂന്ന് മുന്നണികൾക്കും വിമത ഭീഷണിയുണ്ട്.
നിര്‍ണായക പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിൽ എൽഡിഎഫും യുഡിഎഫും വിമത ശല്യം നേരിടുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിന് നാല് വിമതരാണ് ഉള്ളത്. വാഴാട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി എന്നീ സീറ്റുകളിലാണ് വിമത ഭീഷണി നിലനില്‍ക്കുന്നത്. ആലപ്പുഴ അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ലീഗ് - കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
സീറ്റ് വിഭജനത്തിൽ ധാരണയാകാഞ്ഞതോടെ, മുസ്ലിം ലീഗിനായി അൽത്താഫ് സുബൈറും, കോൺഗ്രസ് സ്ഥാനാർത്ഥി കെ ആർ കണ്ണനും മത്സരിക്കും. ഇരുവരും പത്രിക നൽകി. വയനാട്ടിൽ കോണ്‍ഗ്രസിനും പലയിടത്തും വിമത സ്ഥാനാര്‍ത്ഥികളുണ്ട്.
LDF wins unopposed in six wards in Kannur















.jpg)




















