റിപ്പോർട്ടർ: പി.പി. മോഹനൻ
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രം സമീപകാലത്ത് എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ അടച്ചിടുന്നു. ഇതോടെ വൈകുന്നേരവും രാത്രികാലവും അടിയന്തിര ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലാകുകയാണ്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പിഞ്ചുകുട്ടിയെ തെരുവ് നായ കടിച്ചതിനെ തുടർന്ന് ചികിത്സ തേടി രക്ഷിതാക്കൾ ആശുപത്രിയിലെത്തിയെങ്കിലും ഗേറ്റ് അടച്ച നിലയിലായിരുന്നു. സമീപവാസികളും കടക്കാരും ഇടപെട്ടതിനെ തുടർന്ന് ഇവരെ
ധർമ്മശാലയിൽ പ്രവർത്തിക്കുന്ന അമ്മയെയും കുഞ്ഞും ആശുപത്രിയിലേക്ക് എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു. കിച്ചേരി സ്വദേശികളായ സി. അനിലും ഭാര്യയുമാണ് നായയുടെ കടിയേറ്റ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലെത്തി ചികിൽസ കിട്ടാതെ മടങ്ങിയത്.
പ്രദേശത്തും സമീപ പഞ്ചായത്തുകളിലുമുള്ള രോഗികൾ അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന പ്രധാന ചികിത്സാ കേന്ദ്രമാണ് പാപ്പിനിശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രം. എന്നാൽ ഉച്ചയ്ക്ക് ശേഷം മുതൽ രാത്രി വൈകുവോളം ആശുപത്രി പ്രവർത്തിക്കാതിരിക്കുന്നതിൽ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. ആശുപത്രിയുടെ ഗേറ്റ് അടച്ചുകിടക്കുമ്പോൾ സമീപത്തെ നാട്ടുകാരും കടക്കാരും ചേർന്നാണ്
രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കോ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കോ വഴിതിരിച്ചു വിടുന്നത്.ആശുപത്രിയിൽ കാവൽക്കാരനോ രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാരനോ ഇല്ലാത്തതും ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ആശുപത്രി അടച്ചിട്ടിരിക്കുന്നുവെന്ന വിവരം വ്യക്തമാക്കുന്ന സൂചനാ ബോർഡോ അറിയിപ്പോ ആശുപത്രി പരിസരത്തോ ഗേറ്റിനടുത്തോ സ്ഥാപിക്കാത്തതിലും ജനരോഷം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാൻ മനപ്പൂർവം അറിയിപ്പ് സ്ഥാപിക്കാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിനടുത്തുതന്നെ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രമായിട്ടും വിഷയത്തിൽ പഞ്ചായത്ത് ഭരണാധികാരികളുടെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനക്കുറവുകളോട് ബ്ലോക്ക് പഞ്ചായത്തും മൗനം പാലിക്കുന്നതിൽ ജനകീയ എതിർപ്പ് ശക്തമാകുകയാണ്.
അടിയന്തിര ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനും രാത്രികാല ഡ്യൂട്ടിയും സുരക്ഷാ സംവിധാനങ്ങളും ഉടൻ സജ്ജമാക്കാനും ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
pappinisseri health centre



































