ആലക്കോട് : ചെമ്ബന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു. തിങ്കളാഴ്ച്ചരാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് തളിപ്പറമ്ബ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നേരത്തെ യാത്രക്കാരില്‍ അപകടഭീഷണി ഉയർത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
തിങ്കളാഴ്ച്ച രാവിലെ ആലിന്റെ പരിസരത്ത് ചിലർ മാലിന്യങ്ങള്‍ കത്തിച്ചിരുന്നു. അതില്‍ നിന്ന് പുകഞ്ഞ് തീപിടിച്ചതാണെന്നാണ് സൂചന. സമീപത്ത് ഇലക്‌ട്രിക്‌ലൈനും ബാങ്ക് കെട്ടിടവുമൊക്കെ ഉള്ളതിനാല്‍ നഗരസഭ കൗണ്‍സിലർ എൻ.വി.വർഗീസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ആല്‍മരം പൂർണമായും കത്തിയമർന്ന നിലയിലാണ്. സേനാംഗങ്ങളായ എം.ഷിജില്‍കുമാർ, സി.അഭിനേഷ്, എസ്.അജിത്ത്, സി.രാഹുല്‍, ഹോംഗാർഡ് കെ.സജീന്ദ്രൻ എന്നിവരും കൗണ്‍സിലർ വർഗീസിന്റെ നേതൃത്വത്തിലാണ് വെള്ളം ചീറ്റി തീയണച്ചത്.
Banyan tree destroyed by fire in Chembanthotti town


































