കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ എംപി. കണ്ണൂരിൽ ഞാൻ മത്സരിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് എംപിയുടെ പ്രതികരണം, നേരത്തെ കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാൽ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കണോയെന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ അന്തിമ ധാരണയായിട്ടില്ല. കെ സുധാകരനടക്കം ഇളവ് നൽകുന്നതും നേതൃത്വത്തിന്‍റെ പരിഗണനയിലാണ്. കണ്ണൂരിൽ മത്സരിക്കുമെന്ന് നേരത്തെയും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മറ്റു കോണ്‍ഗ്രസ് നേതാക്കളും കണ്ണൂര്‍ സീറ്റ് ഉന്നമിടുന്നുണ്ട്.എംപി സ്ഥാനം ഒഴിവാക്കി എംഎൽഎ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം കെ സുധാകരൻ ഇതിനോടകം പല നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്‍റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രചരിപ്പിക്കുന്നത്. കെ സുധാകരന് മാത്രം ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല.
K Sudhakaran





































