കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കണ്ണൂരിൽ ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കുക.
കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ എസ് ആർ ടി സി കണ്ണൂർ ജില്ലാഡിപ്പോ എഞ്ചിനീയർ അനീഷ്, കൺട്രോളിംഗ് ഇൻസ്പെക്ടർ സന്തോഷ്, ഇൻസ്പെക്ടർ എ എൻ രാജേഷ് , ബജറ്റ് ടൂറിസം സെൽ ജില്ലാ കോഡിനേറ്റർ തൻസീർ കെ ആർ , ജില്ലയിലെ യുഡിഎഫ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന ചടങ്ങുകൾ നടന്നു. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക ഉദ്ഘാടനങ്ങൾ നടക്കുന്നതിനൊപ്പം, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സ്ത്രീ ശാക്തീകരണവും യാത്രാ സൗകര്യവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Content Highlight: Free travel for women in KSRTC


































