കുഞ്ഞിമംഗലം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എടാട്ട് പ്രവർത്തിച്ചു വരുന്ന വി. പി എൻ മോട്ടോർസ് എന്ന സ്ഥാപനത്തിന് 7500 രൂപയും, ന്യൂ കാർ ലാൻഡ് ഓട്ടോ മൊബൈൽസിന് 4000 രൂപയും ഗ്ലാസ് ടെക്ക് എന്ന സ്ഥാപനത്തിനു 3000 രൂപയും റിയൽ മോട്ടോർസ് എന്ന സ്ഥാപനത്തിനും അണ്ടംകോവ്വലിൽ പ്രവർത്തിച്ചു വരുന്ന ഫൈവ് സ്റ്റാർ തട്ടുകടയ്ക്കും 2500 രൂപ വീതവും ആകെ 5 കേസുകളിലായി 19500 രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തു.
വർക്ക് ഷോപ്പ് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായും കരി ഓയിൽ പ്രദേശത്ത് ഒഴുകി കിടക്കുന്ന അവസ്ഥ കണ്ടെത്തിയതിനെ തുടർന്നുമാണ് വി പി എൻ മോട്ടോഴ്സിന് സ്‌ക്വാഡ് 7500 രൂപ പിഴ ചുമത്തിയത്.വർക്ക് ഷോപ്പ് മാലിന്യങ്ങൾ അലക്ഷ്യമായി മഴയത്തു കൂട്ടിയിട്ടത്തിന് ന്യൂ കാർ ലാൻഡ് ഓട്ടോ മൊബൈൽസിൽ നിന്ന് 4000 രൂപയും വർക്ക് ഷോപ്പ് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് റിയൽ മോട്ടോർസിൽ നിന്ന് 2500 രൂപയും സ്‌ക്വാഡ് പിഴ ഈടാക്കി.എടാട്ട് പ്രവർത്തിച്ചു വരുന്ന ഗ്ലാസ് ടെക്ക് എന്ന സ്ഥാപനത്തിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴയത്തു കൂട്ടിയിട്ടതിനും പ്രദേശത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്ഥാപനത്തിൽ നിന്ന് 3000 രൂപ പിഴ ഈടാക്കി.
ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നുകളിൽ കൂട്ടിയിട്ടതിനും സോഫ്റ്റ് ഡ്രിങ്ക്സ് ക്യാനുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ചതിനും അണ്ടംകോവ്വലിൽ പ്രവർത്തിച്ചു വരുന്ന ഫൈവ് സ്റ്റാർ തട്ടുകടയിൽ നിന്ന് 2500 രൂപയും സ്‌ക്വാഡ് പിഴ ഈടാക്കി.പരിശോധനയിൽ ത. സ്വ.ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കുമാർ വി വി തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: unscientific waste management




































