നടാൽ: മരക്കാർ കണ്ടിയിൽ നിന്നും കാണാതായ നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയിൽ കണ്ടെത്തി. മരക്കാർകണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടിൽ പ്രവീൺകുമാർ എന്ന ബാബു (50) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി പ്രവീൺകുമാറിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ പാലത്തിനടിയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പാലത്തിന് സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ ചെരുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഫയർ ഓഫീസർമാരായ എ.എഫ്. ഷിജോ, കെ. ശ്രീകേഷ്, കെ.പി. നസീർ, സച്ചിൻ, പ്രിമോഷ്, മനുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ബാലചന്ദ്രന്റെയും ശോഭയുടെയും മകനാണ് പ്രവീൺ കുമാർ. സഹോദരങ്ങൾ: ബിന്ദു, ബവിത. സംഭവത്തിൽ എടക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: The body of the missing construction worker was found in the Kuruva River.















.jpg)





















