പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് കുട്ടിയുടെ നില ഗുരുതരമായ സംഭവത്തിൽ അനസ്തീഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിന്റെ പേരിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
ജൂലൈ 5-ന് രാവിലെ 9.40 നായിരുന്നു കേസിനാസ്പദമായ സംഭവം. എരമം നടുവിലെകുനി സ്വദേശിയായ ഒരു വയസ്സും അഞ്ച് മാസവും പ്രായമുള്ള ദേവാൻസ് ഷൗര്യ എന്ന കുട്ടി കളിക്കുന്നതിനിടെ വീണ് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുറിവ് സ്റ്റിച്ചിടണമെന്നും, ഇതിനായി അനസ്തീഷ്യ നൽകണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു.
തുടർന്ന് ഡോ. അഞ്ജലി പൊതുവാൾ അനസ്തീഷ്യ നൽകിയെങ്കിലും അതിൽ പിഴവ് സംഭവിക്കുകയും കുട്ടിക്ക് ബ്രെയിൻ ഡാമേജ് (മസ്തിഷ്കാഘാതം) ഉണ്ടാവുകയുമായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
ആശുപത്രി അധികൃതരുടെയും അനസ്തീഷ്യ നൽകിയ ഡോക്ടറുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുവായ എരമം കുതിരുമ്മൽ വീട്ടിൽ കെ. രാജീവൻ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് പയ്യന്നൂരിൽ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ജനരോഷവും പ്രതിഷേധവും ശക്തമായിട്ടുണ്ട്.
Content Highlight: Police have registered a case against a doctor following a medical error involving the administration of anesthesia at Payyannur Baby Memorial Hospital
































