കണ്ണൂർ: കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17 കാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
ചുമര് കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടകളിലെ പണം ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ പ്രതി കവർന്നിരുന്നു.നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് വിവരം കണ്ണാടിപ്പറമ്പ് പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരിയിൽ നേരത്തെ മോഷണക്കേസുകളിൽ പ്രതിയായിരുന്ന ഇയാളെയാണ് ജുവനൈൽ ഹോമിൽ പാർപ്പിച്ചിരുന്നത്. കണ്ണാടിപ്പറമ്പിലെ കടകളിൽ മോഷണം നടത്തുന്നതിന് മുൻപും തലശ്ശേരി ഭാഗത്ത് സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടകളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്.
Content Highlight: Theft at shops in kannadipparamb





































