മലബന്ധം മിക്ക ആളുകളും നേരിടുന്ന ഒരു സാധാരണ ദഹനപ്രശ്നമാണ്. എന്നാൽ മലബന്ധം ഒരു ദീർഘകാല പ്രശ്നമായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത മലബന്ധം കുടലിന്റെ ആരോഗ്യത്തെയും വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും ദോഷകരമായി ബാധിച്ചേക്കാം.
എന്താണ് മലബന്ധം? ഡോക്ടർമാർ പറയുന്നത്:
ഡോക്ടർമാരുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉള്ള അവസ്ഥയെയാണ് സാധാരണയായി മലബന്ധം എന്ന് വിശേഷിപ്പിക്കുന്നത്:
ആഴ്ചയിൽ മൂന്ന് തവണയിൽ താഴെ മാത്രം മലവിസർജ്ജനം നടത്തുക.
കഠിനവും വരണ്ടതുമായ മലം.
മലമൂത്ര വിസർജ്ജനത്തിന് അനുഭവപ്പെടുന്ന കടുത്ത ബുദ്ധിമുട്ട്.
ഇത്തരം പ്രശ്നങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുമ്പോഴാണ് ഇതിനെ ‘വിട്ടുമാറാത്ത മലബന്ധം’ (Chronic Constipation) എന്ന് വിളിക്കുന്നത്. ഇത് വയറുവീർക്കലിനും അസ്വസ്ഥതകൾക്കും കാരണമാകുന്നു.
മലബന്ധത്തിന്റെ തരങ്ങൾ
മലബന്ധത്തിന് വ്യത്യസ്ത തരങ്ങളുണ്ട്. അതിലൊന്നാണ് പ്രവർത്തനപരമായ മലബന്ധം (Functional Constipation). മലവിസർജ്ജനം വേദനാജനകവും കഠിനവുമാകുന്ന ഈ അവസ്ഥ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്നു. ലോകമെമ്പാടുമുള്ള കുട്ടികളിൽ ഏകദേശം 29.6% പേരും ഇത്തരം മലബന്ധം അനുഭവിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രധാന കാരണങ്ങൾ
ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നതിനും മലബന്ധം ഉണ്ടാകുന്നതിനും പിന്നിൽ പല കാരണങ്ങളുണ്ട്:
തെറ്റായ ഭക്ഷണരീതി: നാരുകൾ (Fibre) കുറഞ്ഞ സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തതും.
വെള്ളത്തിന്റെ കുറവ്: ആവശ്യത്തിന് വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കാതിരിക്കുന്നത് മലം കൂടുതൽ കഠിനമാവാൻ കാരണമാകുന്നു.
മരുന്നുകളുടെ പാർശ്വഫലങ്ങൾ: വേദനസംഹാരികൾ, ആന്റീഡിപ്രസന്റുകൾ, ഇരുമ്പ് സപ്ലിമെന്റുകൾ (Iron supplements) എന്നിവയുടെ ഉപയോഗം.
മറ്റ് ശാരീരിക അവസ്ഥകൾ: ഹോർമോൺ മാറ്റങ്ങൾ, മാനസിക സമ്മർദ്ദം, ഹൈപ്പോതൈറോയിഡിസം, പ്രമേഹം എന്നിവയും മലബന്ധത്തിലേക്ക് നയിക്കാം.
ഉണ്ടാകാനിടയുള്ള സങ്കീർണതകൾ
മലം വളരെ കടുപ്പമുള്ളതും വരണ്ടതുമാകുമ്പോൾ അത് മലാശയത്തിൽ കുടുങ്ങിക്കിടക്കുകയും താഴെ പറയുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം:
പെെൽസ് (പൈൽസ് / മൂലക്കുരു)
കടുത്ത വയറുവേദനയും ഓക്കാനവും
മലം ചോർച്ച (Fecal Incontinence)
ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമേ, ഇത് വ്യക്തികളുടെ മാനസികാവസ്ഥയെയും വിശപ്പിനെയും ദിനചര്യകളെയും ബാധിക്കുന്നു. നിരന്തരമായ ക്ഷീണം, അസ്വസ്ഥത, മലവിസർജ്ജന ശീലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകാം.
എങ്ങനെ പ്രതിരോധിക്കാം?
ലളിതമായ ചില ശീലങ്ങളിലൂടെ മലബന്ധം ഒരു പരിധി വരെ തടയാൻ സാധിക്കും:
നാരുകൾ അടങ്ങിയ ഭക്ഷണം: പ്രതിദിനം നാരുകളുടെ (Fibre) അളവ് 30 ഗ്രാം ആയി വർദ്ധിപ്പിക്കുക.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിൽ എപ്പോഴും ശരിയായ രീതിയിൽ ജലാംശം നിലനിർത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കും.
Content Highlight: Constipation: A Threat to Gut Health—How to Prevent It?






































