ടെക്സസ്: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് കലാശപ്പോരാട്ടങ്ങളിലേക്ക് അടുക്കുന്നു. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയിൽ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും സ്പെയിനും തമ്മിലാണ് മാറ്റുരയ്ക്കുന്നത്. ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് ഈ ആവേശപ്പോരാട്ടം നടക്കുക.
ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും സ്പെയിനിന്റെ യുവവിസ്മയം ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയായാണ് ഈ സെമി ഫൈനലിനെ ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
മൂന്നാം ഫൈനൽ ലക്ഷ്യമിട്ട് ഫ്രാൻസ്
ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ദിദിയർ ദെഷാം പരിശീലിപ്പിക്കുന്ന ഫ്രാൻസ് സെമിയിലെത്തിയത്.
തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് മുൻ ചാമ്പ്യന്മാർ ഇന്ന് ബൂട്ട് കെട്ടുന്നത്.ടൂർണമെന്റിൽ ഇതുവരെ എട്ട് ഗോളുകൾ അടിച്ചുകൂട്ടിയ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ പ്രധാന കരുത്ത്.ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലിയോണൽ മെസിയുമായി കടുത്ത മത്സരത്തിലാണ് എംബാപ്പെയിപ്പോൾ.
ചരിത്രം ആവർത്തിക്കാൻ സ്പെയിൻ
ക്വാർട്ടർ ഫൈനലിൽ ശക്തരായ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) പരാജയപ്പെടുത്തിയാണ് യൂറോ ചാമ്പ്യന്മാരായ സ്പെയിൻ സെമി ഉറപ്പിച്ചത്.
2010-ൽ ലോകകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്.
എത്ര ശക്തരായ മുന്നേറ്റനിരയെയും തളയ്ക്കാൻ പോന്ന പ്രതിരോധ കോട്ടയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെ പരിശീലിപ്പിക്കുന്ന സ്പാനിഷ് പടയുടെ പ്രധാന ആയുധം.
രണ്ടാം സെമി ബുധനാഴ്ച: ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും.
Content Highlight: World Cup excitement shifts to the semi-finals; France vs. Spain clash kicks off the action today.





































