പരിയാരം: മാലാഖമാരെ രക്തസാക്ഷികളാക്കരുത് എന്ന മുദ്രാവാക്യവുമായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാര്‍ കേരള ഗവ.നേഴ്‌സസ് യൂണിയന്റെ(കെ.ജി.എന്‍.യു)നേതൃത്വത്തില്‍ 17 ന് സൂചനാ പണിമുടക്ക് നടത്തും. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലൊന്നും ഇല്ലാത്ത വിധത്തില്‍ സേവന-വേതന വ്യവസ്ഥകളില്‍ വലിയ അന്തരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി സംഘടന മുന്നോട്ടുപോകുന്നത്.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ പലരുടെയും നിലനില്‍പ്പ്‌പോലും അനിശ്ചിതത്വത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി നല്‍കിയ ശേഷവും നേഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവാണ് നിലനില്‍ക്കുന്നത്. ഇന്റഗ്രേഷന്‍ നടപടികള്‍ നടന്നുകൊണ്ട് ഇരിക്കുമ്പോഴും 2016 ലെ പേസ്‌കെയില്‍ അടിസ്ഥാനമാക്കിയാണ് ശമ്പളം കോടുക്കുന്നത്.
മെഡിസെപ്പ്, മെഡിസെപ്പ് അരിയേഴ്സ്, എന്‍.പി.എസ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവ ശമ്പളത്തില്‍ നിന്ന് പിടിക്കുകയും ചെയ്യുമ്പോള്‍ ഓരോ ജീവനക്കാര്‍ക്കും അവരുടെ ജീവിതചെലവിന് പോലും ശമ്പളം തികയുന്നില്ല. സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.- സര്‍ക്കാര്‍ ഏറ്റെടുത്ത് സ്പാര്‍ക്ക് പ്രഖ്യാപിച്ച തിയതി വരെയുള്ള ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുതരിക. ഗവണ്‍മെന്റ് ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന സാലറി സംരക്ഷിച്ച് തസ്തിക നിര്‍ണ്ണയിക്കുക.
സഹകരണ മെഡിക്കല്‍ കോളേജില്‍ 16 മുതല്‍ 28 വര്‍ഷം വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ആ വര്‍ഷങ്ങളിലെ സര്‍വ്വീസ് പരിഗണിച്ച് ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക. 16 വര്‍ഷം മുതല്‍ 28 വര്‍ഷം വരെ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സീനിയോരിറ്റി പരിഗണിച്ച് പ്രൊമോഷന്‍ നല്‍കുക. 2023 ഫെബ്രുവരിയില്‍ മെഡിസെപ്പില്‍ അംഗങ്ങളായ ജീവനക്കാരുടെ 2019 മുതലുള്ള മെഡിസെപ്പ് അരിയേഴ്സ് എന്ന പേരില്‍ ശമ്പളത്തില്‍നിന്നും അനധികൃതമായി തുക പിടിക്കുന്ന നടപടി റദ്ദാക്കുക. സൂചനാ പണിമുടക്ക് കൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കാനായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ കെജിഎന്‍യു നിര്‍ബന്ധിതരാവുമെന്ന് ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് പറഞ്ഞു.
The nurses of Pariyaram Govt. Medical College