കണ്ണൂർ : പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ പെരളശ്ശേരി സ്വദേശികളായ എൻ പി മുഹമ്മദ് സാദ് (25), എ സബീൽ (23) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
അന്വേഷണോദ്യോഗസ്ഥനായ എ സി പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിയിരുന്നു. ഇന്നലെയാണ് കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകിയത്.


സെപ്റ്റംബർ 27നു നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് മുഹമ്മദ് സാദ് പിടി യിലായത്. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ കൊണ്ടു ചോദ്യ ക്കടലാസ് പകർത്തി ബ്ലൂടൂത്ത് വഴി സബീലിന് അയച്ചുകൊടു ക്കുമ്പോഴാണു സഅദിനെ ജില്ലാ പി എസ് സി ഓഫിസർ ഷാജി കച്ചുമ്പ്രാന്റെ നേതൃത്വത്തിൽ പിടികൂടിയത്.
തൊട്ടടുത്ത ദിവസം തന്നെ സബീലും പിടിയിലായി. പരീക്ഷാ ഹാളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ മുഹമ്മദ് സാദിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽഫോൺ, ഇയർഫോൺ, ക്യാമറ എന്നിവ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതികൾക്ക് വേണ്ടി അഡ്വ. ഹബീബ് പണിക്കരകത്ത് ഹാജരായി.
Hitech copy case