പാമ്പുരുത്തി : പ്രളയവും, പ്രകൃതിക്ഷോഭവും മൂലം കരയിടിച്ചിൽ ഭീഷണി നേരിടുന്ന കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന് സുരക്ഷാ കരിങ്കൽഭിത്തി വരുന്നു. ഇതോടുകൂടി കാലങ്ങളായുള്ള പാമ്പുരുത്തി ദ്വീപ് നിവാസികളുടെ മുറവിളികൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയാണ്.
ഇതുസംബന്ധമായി നിരവധി തവണ ജനപ്രതിനിധികൾ സർക്കാരിന് നിവേദനങ്ങൾ നൽകിയെങ്കിലും ഫണ്ടിന്റ അപര്യാപ്തത പറഞ്ഞു നിരസിക്കാറായിരുന്നു ഉണ്ടായത്. 2019 ലെ പ്രളയത്തിനു ശേഷവും, 2024ലെ പ്രകൃതിക്ഷോഭത്തിലും കൂടുതൽ കരയിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് സർക്കാറിന് വീണ്ടും നിവേദനങ്ങൾ നൽകിയിരുന്നു.


ഏറ്റവും ഒടുവിൽ 2025 ജനുവരിയിൽ പാമ്പുരുത്തി വാർഡ് മെമ്പർ കെ പി അബ്ദുൽ സലാം, എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, എം അനീസ് മാസ്റ്റർ എന്നിവരടങ്ങിയ പ്രതിനിധി സംഘം റവന്യൂ മന്ത്രിയെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ചേമ്പറിൽ സന്ദർശിച്ച് പാമ്പുരുത്തിയിലെ നിലവിലെ പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇപ്പോൾ ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പാമ്പുരുത്തി ദ്വീപ് സന്ദർശിച്ചത്. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് പാമ്പുരുത്തി പാലത്തിന്റെ വലത് ഭാഗത്ത് 370 മീറ്റർ നീളത്തിൽ 1.17 കോടി രൂപ ചെലവഴിച്ച് കരിങ്കൽ സുരക്ഷാഭിത്തി നിർമ്മിക്കുക.
കണ്ണൂർ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ വി ശ്രുതി, തളിപ്പറമ്പ് തഹസിൽദാർ സജീവൻ പി, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജരാജേന്ദ്രൻ, ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീപഥ് എം പി, ഓവർസിയർ നിവ്യ എം, ഡിസാസ്റ്റർ മാനേജ്മെന്റ്ക്‌ളർക്ക് മനീഷ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ പേഴ്സണൽ അസിസ്റ്റന്റ് ബിനോയ് ജോർജ്ജ്, കൊളച്ചേരി വില്ലേജ് ഓഫീസർ കെ വി മഹേഷ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ വി അനീഷ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഉദ്യോഗസ്ഥ സംഘം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, പാമ്പുരുത്തി വാർഡ് മെമ്പർ കെ പി അബ്ദുൽസലാം, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, പാമ്പുരുത്തി വാർഡ് വികസന സമിതി അംഗങ്ങളായ എം ആദം ഹാജി, കെ സി മുഹമ്മദ് കുഞ്ഞി, സി കെ അബ്ദുൽ റസാഖ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി.രണ്ട് ദിവസത്തിനകം സമ്പൂർണ്ണ റിപ്പോർട്ട് തയ്യാറാക്കി കലക്ടർക്ക് കൈമാറുമെന്ന് സബ് കലക്ടർ വ്യക്തമാക്കി
pamburuthi