വൈദ്യുത അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കല്യാശ്ശേരി മണ്ഡലതല സുരക്ഷാ സമിതി രൂപീക്കരിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷനായി. ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ എ.വി പ്രകാശൻ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിന് വിവിധങ്ങളായ നടപടികൾ സ്വീകരിച്ച് വരുന്നതായി യോഗം വിലയിരുത്തി.
വൈദ്യുത അപകടങ്ങളിൽ ഭൂരിഭാഗവും ഉപഭോക്താക്കളുടെ അശ്രദ്ധയിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് യോഗം വിലയിരുത്തി. ലോഹ പൈപ്പുള്ള തോട്ടി ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണം. സുരക്ഷിതമല്ലാതെ കൂട്ടി യോജിപ്പിച്ച വയറുകളുടെ സമ്പർക്കം കാരണം സർക്യൂട്ട് ബ്രേക്കർ ഇല്ലാത്തത്തിൻ്റെ ഭാഗമായി വീടുകളിൽ നിന്നും തൊഴിൽ സ്ഥാപനങ്ങളിൽ നിന്നും നിരവധി പേർക്ക് വൈദ്യുതാപകടം സംഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സർക്യൂട്ട് ബ്രേക്കർ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്താനുള്ള പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
ഉത്സവ പറമ്പുകളിൽ വൈദ്യുത ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ കൂട്ടിച്ചേർത്ത വയറുകൾ സമ്പർക്കത്തിലായി നിരവധി അപകടങ്ങൾ ഉണ്ടാവുന്നുണ്ട്.ഇത്തരത്തിലുള്ള എല്ലാ അപകടങ്ങളും ഒഴിവാക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. അതോടൊപ്പം മണ്ഡലതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാട്ട്സപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് - വാർഡ് തലത്തിലുള്ള സുരക്ഷ കമ്മറ്റി രൂപീകരണ യോഗങ്ങളിലും ലോക്കൽ അഡ്വൈസറി കമ്മറ്റി യോഗങ്ങളിലും വരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നടപ്പിലാക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് വൈദ്യുതി മന്ത്രിയുടെ നിർദേശപ്രകാരം മണ്ഡലാടിസ്ഥാനത്തിൽ സുരക്ഷ കമ്മറ്റി രൂപികരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദൻ, എ പ്രാർത്ഥന, കെ രതി, പി ശ്രീമതി, എം ശ്രീധരൻ, ടി നിഷ, കല്യാശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർമാർ, മണ്ഡല പരിധിയിലെ കെ എസ് ഇ ബി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർമാർ, അസിസ്റ്റൻ്റ് എഞ്ചിനിയർമാർ, സബ് എഞ്ചിനിയർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കല്യാശേരി മണ്ഡലതല സുരക്ഷാ സമിതി
എം വിജിൻ എം എൽ എ ചെയർമാനും ഇലട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ കൺവീനറുമായി കല്യാശേരി മണ്ഡലതല സുരക്ഷാ സമിതി രൂപീകരിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പയ്യന്നൂർ, തളിപറമ്പ്, കണ്ണൂർ തഹസിൽദർമാർ, കെ എസ് ഇ ബി സെക്ഷൻ ഓഫീസർമാർ, പഞ്ചായത്ത് എഞ്ചിനിയർമാർ എന്നിവർ അംഗങ്ങളായിരിക്കും.
kalyassery




































