കോഴിക്കോട്: മെഡിക്കല്‍ കോളെജില്‍ ചികല്‍സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുപേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ പത്തുപേര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്, ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചികില്‍സാ ആവശ്യത്തിനായി വിദേശത്തുനിന്ന് മരുന്നുകള്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളെജ് അധികൃതര്‍ വ്യക്തമാക്കി. ഒരുകുട്ടിയെയും സംശയാസ്പദമായ നിലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത അനിവാര്യമാണ് എന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ബിന്ദു സജിത് അറിയിച്ചു. അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നത് തടയാന്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


കെട്ടിക്കിടക്കുന്ന ജലസ്രോതസുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവ ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു. കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. വെള്ളത്തിലിറങ്ങുന്നവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കണം.
Amebic encephalitis; Health Department issues alert