കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പെയിൻ ആൻറ് പാലിയേറ്റീവ് ഹോം കെയർ യൂനിറ്റിൻ്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ സമാപനം സപ്തമ്പർ 12 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കാട്ടാമ്പള്ളി കൈരളി ഹെരിറ്റേജ് ഓഡിറോറിയത്തിൽ നടക്കും. കഴിഞ്ഞ മൂന്ന് വർഷമായി കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കിടപ്പു രോഗികളെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ അവരുടെ സ്വന്തം വീടുകളിൽ ചെന്ന് പരിചരിക്കുന്നതിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കൊളച്ചേരി മേഖല പി ടി എച്ച് യൂനിറ്റ് നടത്തി വരുന്നത്.
ആശുപത്രികൾ കയ്യൊഴിഞ്ഞവരും പരിചരിക്കാൻ ബന്ധുക്കൾ പോലും സന്നദ്ധമല്ലാത്തതുമായ ഒട്ടനവധി കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവും പകരാൻ പി ടി എച്ച് യൂനിറ്റിന് സാധിച്ചിട്ടുണ്ട്. മരണാസന്നരായ രോഗികളെ ആശുപത്രി കിടക്കകളിലെ ആകുലതകളിൽ നിന്നും മോചനം നല്കി സ്വന്തക്കാരുടെ സാമീപ്യത്തിൽ സമാധാനത്തോടെയുള്ള അന്ത്യം വരിക്കുന്നതിനും അപകടങ്ങളിൽ പെട്ട് ദുരിതമനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും പി ടി എച്ച് ഹോം കെയർ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഡോക്ടറും പാലിയേറ്റിവ് നഴ്സുമാരും പാലിയേറ്റിവ് പരിചരണത്തിൽ വിദഗ്ധ പരിശീലനം നേടിയ സേവന സന്നദ്ധരായ നൂറിലധികം വളണ്ടിയർമാരും ഉൾപെട്ട വിപുലമായ ടീമാണ് ഹോം കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെഡിക്കൽ സെൻ്റർ, ഫാർമസി, ഫിസിയോ തെറാപ്പി സെൻ്റർ, പാലിയേറ്റിവ് ക്ലിനിക് തുടങ്ങിയ ഒട്ടേറെ സംരംഭങ്ങൾ ഇതിനകം ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.


സ്വന്തമായി ആമ്പുലൻസും ഹോം കെയർ വാഹനവും കൂടാതെ ബൈപാപ്, ഓക്സിജൻ കോൺസണ്ട്രേറ്റർ ഉൾപെടെയുള്ള അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ആവശ്യാനുസരണം ലഭ്യമാക്കാൻ പി ടി എച്ച് യൂനിറ്റിന് കഴിയുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിൻ്റെ സമീപ പ്രദേശമായ തളിപറമ്പ കാരക്കുണ്ടിൽ, പരമ്പരാഗത ആശുപത്രികളിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട രോഗീ പരിചരണം ഉറപ്പ് വരുത്തുന്ന ഇൻ പേഷ്യൻ്റ് വിഭാഗവും ഹോം നഴ്സിങ്ങ് പരിശീലനം, പാലിയേറ്റീവ് പരിചരണ പരിശീലനം, തുടങ്ങിയ സംരഭങ്ങളും ഉൾപെട്ട പി ടി എച്ച് പീസ് വാലി (സ്നേഹ താഴ്‌വര) നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
സപ്തമ്പർ 1 ന് ആരംഭിച്ച മൂന്നാം വാർഷികാഘോഷങ്ങളുടെ സമാപനം കുറിച്ച് നടക്കുന്ന കാരുണ്യ കുടുംബ സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ പി. എം എ ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, പി ടി എച്ച് കേരള ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോക്ടർ എം എ അമീറലി, ഡി. സി.സി സെക്രട്ടറി രജിത്ത് നാറാത്ത്, ഹാഫിള് അബ്ദുല്ല ഫൈസി പട്ടാമ്പി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ ആരോഗ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കൊളച്ചേരി മേഖല പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി, വൈസ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി എന്നിവർ പങ്കെടുത്തു.
PTH Kolachery