കണ്ണൂർ: കണ്ണൂർ പിണറായിലുണ്ടായ സ്ഫോടനം പടക്കം പൊട്ടിയുണ്ടായതെന്ന് എഫ്ഐആർ. സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തിക്ക് ഗുരുതരമായിപരിക്കേറ്റിരുന്നു. ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പ്രതികരിച്ചു.
ഇന്നലെ ഉച്ചയോടെ പിണറായി വെണ്ടുട്ടായി കനാൽക്കരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്ന വിപിൻ രാജിനെ പ്രതിചേർത്ത് പിണറായി പൊലിസാണ് കേസെടുത്തത്. പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. വലതു കൈപ്പത്തിയിലെ മൂന്ന് വിരലുകൾ അറ്റ വിപിൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു. അതേസമയം, ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പൊട്ടാതെ കിടന്ന സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. സ്ഫോടനം നടക്കുന്നതിന് അൽപം മുൻപ് കൈയ്യിൽ സ്ഫോടക വസ്തു പിടിച്ചു നിൽക്കുന്ന വിബിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ചണനൂലുകൊണ്ട് കെട്ടിയ സ്ഫോടകവസ്തുവാണ് കൈയ്യിലുണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ നിർമിച്ച പടക്കമാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറഞ്ഞത്. ഉഗ്രശേഷിയുള്ള, അനധികൃതമായി നിർമിച്ച സ്ഫോടക വസ്തുവാണ് കയ്യിലുണ്ടായിരുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
Explosion in Pinarayi, Kannur




































