ശ്രീകണ്ഠപുരം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പൊടിക്കളത്ത് പ്രവർത്തിച്ചു വരുന്ന മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന് 25000 രൂപ പിഴ ചുമത്തി. സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കോഴി ഫാമിൽ നിന്നുള്ള മലിന ജല ടാങ്കിന്റെ ഓവർ ഫ്ലോ പൈപ്പ് തുറസായി പുഴയുടെ സമീപത്തേക്ക് സ്ഥാപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
കൂടാതെ പ്ലാസ്റ്റിക്ക് കവറുകൾ, ടൈൽസ് കക്ഷണങ്ങൾ കുപ്പികൾ പെയിന്റ് ബോട്ടിലുകൾ അടക്കമുള്ള അജൈവ മാലിന്യങ്ങൾ വലിയ കുഴിയിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഭക്ഷണാവാശിഷ്ടങ്ങളും പഴം പച്ചക്കറി അവശിഷ്ടങ്ങളും ആ കൂട്ടത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും തുറസായി തള്ളിയിരിക്കുന്നതായും കണ്ടെത്തി. സ്കൂളിന്റെ ഇൻസിനറേറ്ററിൽ സ്റ്റീൽ ബോട്ടിൽ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിച്ചു വരുന്നതായും സ്കൂൾ കിച്ചണിൽ റൈസ് ബോയ്ലറിലും അടുപ്പിലും ഓയിൽ കവറുകൾ ഉൾപ്പടെയുള്ളവ കത്തിച്ചു വരുന്നതായും കണ്ടെത്തി.
കിച്ചൺ സ്റ്റോറിൽ നിന്നും 15 കിലോ ഗ്രാം ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില,പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ് തുടങ്ങിയവയും സ്‌ക്വാഡ് പിടിച്ചെടുത്തു. സ്കൂളിന് 25000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ശ്രീകണ്ഠപുരം നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് കുമാർ പി വി തുടങ്ങിയവർ പങ്കെടുത്തു.
unscientific waste management




























.jpeg)








