തിരുവനന്തപുരം:കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മേയർ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈകോടതിയിൽ ജഡ്ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശകൾ പ്രകാരം ജസ്റ്റിസ് സെന്നിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് കേന്ദ്രം നേരത്തെ വിജ്ഞാപനം ചെയ്തിരുന്നു.
1965 ജൂലൈ 27ന് ജനിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കൊൽക്കത്തയിലെ സെന്റ് ലോറൻസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
1990ൽ കൊൽക്കത്ത സർവകലാശാലയിൽ നിന്ന് അഞ്ച് വർഷത്തെ എൽ.എൽ.ബി ബിരുദം നേടി. 1991 ജനുവരിയിൽ പശ്ചിമ ബംഗാളിലെ ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്ന അദ്ദേഹം കൽക്കട്ട ഹൈകോടതിയിലും വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും ഏകദേശം രണ്ട് പതിറ്റാണ്ടോളം പ്രാക്ടീസ് ചെയ്തു.
High court Chief justice




































