തളിപ്പറമ്പ് : മാന്തംകുണ്ടിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തിൽ സി.പി.ഐ പ്രാദേശിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ (എം). മുന്നണി മര്യാദകൾ ലംഘിച്ച് സർക്കാരിനെയും സി.പി.എം നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാൻ സി.പി.ഐയിലെ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധരെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം ദുഷ്പ്രചരണങ്ങളിൽ നിന്ന് സി.പി.ഐ പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പുതുവത്സരാഘോഷത്തിൻ്റെ മറവിൽ മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ്റെ പേരിൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന വ്യക്തിയും സി.പി.ഐക്കാരനുമായ ഒരാൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സി.പി.ഐ(എം)നും അതിൻ്റെ നേത്യത്വത്തിനുമെതിരായി നിരന്തരം നെറികെട്ട പ്രസ്താവനകൾ മാധ്യമങ്ങളിലൂടെ നടത്തികൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങൾ മുഖേനെയും ദുഷ്പ്രചരങ്ങൾ അഴിച്ചുവിടുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു . പോലീസ് നടപടികൾ ന്യായീകരിക്കാനോ, തള്ളിക്കളയാനോ ഉള്ള ഉത്തരവാദിത്വം സി.പി.ഐ.എമ്മിനില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഇടപെടില്ല എന്ന രാഷ്ട്രീയ മര്യാദയുടെ ഭാഗമാണിത്. എന്നാൽ എൽ.ഡി.എഫ് സർക്കാറിലെ ഒരു ഘടകകക്ഷി എന്നനിലയിൽ പ്രവർത്തിക്കുന്ന സി.പി.ഐയുടെ തളിപ്പറമ്പ് നേതൃത്വത്തിലെ ഒരു വിഭാഗം ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചുകാണുന്നത്.
ബി.ജെ.പി, ലീഗ്,കോൺഗ്രസ് തുടങ്ങി ഇടതുപക്ഷ വിരുദ്ധൻമാരായ വലതുപക്ഷക്കാരെയാകെ ചേർത്തുപിടിച്ച് ഗവൺമെൻ്റിൻ്റെ മുഖത്ത് ചെളിവാരിയെറിയാനുള്ള ശ്രമമാണ് ഇന്നലെ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ ഉണ്ടായത്. ആദരണീയനായ മുഖ്യമന്ത്രിയേയും ഗവൺമെന്ററി നേയും ചീത്തവിളിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണ്. വലതുപക്ഷത്തിൻ്റെ കയ്യിലെ കോടാലിയായാണ് ഇവിടെ സി.പി.ഐയുടെ പേരിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം അടക്കം പ്രവർത്തിക്കുന്നത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ കേരളത്തിലാകെയും തളിപ്പറമ്പ് നഗരസഭയിലും ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നനിലയിൽ യോജിച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാർഡിൽ എൽ.ഡി.എഫ് പരാജയപ്പെട്ടു. ഇവിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് എൽ.ഡി.എഫ് ഐക്യത്തിന് തുരങ്കം വെക്കുന്ന വിധത്തിൽ മേൽപ്പറഞ്ഞ സി.പി.ഐക്കാരൻ്റെ നേതൃത്വത്തിൽ ഏകപക്ഷീയമായ പ്രവർത്തനമാണ് നടത്തിയത്.
എന്നിട്ടും വിശാലമായ എൽ.ഡി.എഫ് താൽപ്പര്യം പരിഗണിച്ച് മികവുറ്റ പ്രവർത്തനങ്ങളാണ് വാർഡിൽ സി.പി.ഐ.(എം) നേത്യത്വത്തിൽ നടത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഒന്നിച്ച് പ്രകടനമായിപോയി നോമിനേഷൻ നൽകാൻ തീരുമാനിച്ചിരുന്നു. അതിനെയെല്ലാം ഈ വ്യക്തി പൊളിക്കുകയാണ് ചെയ്‌തത്. എൽ.ഡി.എഫ് പ്രകടനത്തിൽ പങ്ക് ചേരാതെ സി.പി.ഐ സ്ഥാനാർത്ഥിയെയുംകൂട്ടി ഒറ്റക്ക് പോയി നോമിനേഷൻ നൽകി. ഇതും എൽ.ഡി.എഫ് താൽപ്പര്യത്തിനും തീരുമാനത്തിനും വിരുദ്ധമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി
തെരെഞ്ഞെടുപ്പിൽ വാർഡിൽ പരാജയപ്പെട്ടപ്പോൾ വസ്തുതക്ക് നിരക്കാത്ത കള്ള പ്രചരണങ്ങളാണ് നവമാധ്യമങ്ങളിലൂടെ അഴിച്ചുവിട്ടത്. ഈ വാർഡിൽ 3 പോസ്റ്റൽ വോട്ടു കൾ ഉണ്ടെന്നും അതിൽ ഒന്ന് യഥാർത്ഥ എൽ.ഡി.എഫ് വോട്ടാണെന്നും എന്നാൽ 3 വോട്ടും ലഭിച്ചത് യു.ഡി.എഫിനാണെന്നും കള്ളപ്രചരണം നടത്തി. യു.ഡി.എഫ് രണ്ടും എൽ. ഡി.എഫ് ഒരു വോട്ടുമാണ് ലഭിച്ചത് എന്നതാണ് വസ്തുത.
ന്യൂഇയർ പരിപാടിക്ക് മാന്തംകുണ്ടിൽ സാധാരണയായി ദീർഘകാലമായി നടത്തി വരുന്ന യുവധാര ക്ലബ്ബും അനുമതിക്ക് അപേക്ഷ നൽകിയിരുന്നു. പോലിസിൻ്റെ അഭ്യർത്ഥന മാനിച്ച് പുതുവത്സരാഘോഷപരിപാടികൾ നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.
റസിഡൻസ് അസോസിയേഷൻ പോലീസ് അനുമതി ഇല്ലാതെ പരിപാടി നടത്തി. നിയമാനുസൃതം പാലിക്കേണ്ട സമയനിഷ്ഠപോലും പാലിക്കാതെ പരിപാടി തുടർന്നപ്പോൾ പോലീസ് ഇടപെട്ടു. ഇതിന്റെ പേരിലും സി.പി.ഐ.എമ്മിനെ പഴിചാരാനും ആക്ഷേപിക്കാനും നേതാക്കൾക്കെതിരെപോലും പുലഭ്യം പറയാനുമാണ് ശ്രമിച്ചത്. പോലീസ് ഇടപെടലിനെതിരെ ഇന്നലെ പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി. 39 പേർ പങ്കെടുത്തു എന്ന് പറയുന്നതിൽ തന്നെ മാന്തംകുണ്ട് നിവാസികൾ അഞ്ചെട്ട് പേരാണുള്ളത്. ഈ മാർച്ചിലും സി.പി.ഐ.എമ്മിനെ പഴി ചാരുകയാണുണ്ടായത്.
സി.പി.ഐ പ്രസ്ഥാനത്തിൻ്റെ തണലിൽ കടുത്ത ഇടതുപക്ഷ വിരുദ്ധതയും സി.പി. ഐ.(എം) വിരുദ്ധവുമായ നീചമായ പ്രവർത്തികളാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സ്വന്തം നിലനിൽപ്പിനുവേണ്ടി പൊതുരംഗത്ത് നിലനിൽക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ഇത്തരം വഴിവിട്ട ദുഷ്‌ചെയ്‌തികൾ തുടരുന്നത് ആർക്കും ഭൂഷണമല്ല. ഇത്തരം നെറികേട് കാണിക്കുന്നവരെ നിലക്കുനിർത്താൻ സി.പി.ഐ നേതൃത്വം ആർജ്ജവം കാണിക്കണമെന്നും ജനങ്ങൾ വസ്തുതകൾ തിരിച്ചറിയണമെന്നും സിപിഐ(എം) നേതാക്കൾ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ ടി കെ ഗോവിന്ദൻ മാസ്റ്റർ,കെ സന്തോഷ്, പി മുകുന്ദൻ,സി എം കൃഷ്ണണൻ, കെ ദാമോദരൻ മാസ്റ്റർ,പുല്ലായിക്കൊടി ചന്ദ്രൻ,ടി ബാലകൃഷ്ണൻ, കെ ബിജുമോൻ എന്നിവർ പങ്കെടുത്തു
CPI(M) strongly criticizes CPI local







































