തളിപ്പറമ്പ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗണിൽ പ്രവർത്തിച്ചു വരുന്ന റോളുഷ് കഫേ എന്ന സ്ഥാപനത്തിന് 20000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പന്നി ഫാമിലേയ്ക്കുള്ള ഭക്ഷണാ വാശിഷ്ടങ്ങളുടെ കൂടെ കൊടുത്തു വിട്ടത് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനത്തിൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.
പരിശോധനയിൽ മുപ്പത്തിലേറെ ഗാർബജ് ബാഗുകളിൽ ഭക്ഷണാവാശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും മുട്ട തോടുകളും ടിഷ്യൂ പേപ്പറുകളും അടക്കം കൂട്ടി കലർത്തിയ രൂപത്തിലും ദുർഗന്ധം പരത്തുന്ന അവസ്ഥയിലുമാണ് മാലിന്യങ്ങൾ കണ്ടെത്തിയത്.സ്ഥാപനത്തിന്റെ സ്റ്റോർ റൂമിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം നിരോധിത പ്ലാസ്റ്റിക് സ്ട്രോ,കവറുകൾ തുടങ്ങിയവയും സ്‌ക്വാഡ് പിടിച്ചെടുത്തു.
മാലിന്യങ്ങൾ വേർതിരിക്കാതെ സംഭരിച്ചു വെച്ചതിനും അംഗീകൃത ഏജൻസിക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനും 20000 രൂപ പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീഷ കെ പി തുടങ്ങിയവർ പങ്കെടുത്തു.
Cafe fined Rs. 20,000





































