കണ്ണൂർ: 2026-ലെ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കണ്ണൂർ ഗവൺമെൻറ് ആയുർവേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസൂതിതന്ത്ര സ്ത്രീരോഗ വിദഗ്ധ ഡോ. ആശാ ശ്രീധർ പൊതുജനങ്ങൾക്കായി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധ ക്ലാസ് നടത്തി.
സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, മാസവിരാമകാല പരിചരണം, ഗർഭകാലവും പ്രസവാനന്തരവും ആവശ്യമായ ആരോഗ്യസംരക്ഷണം, ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദമായി സംസാരിച്ചു. സ്ത്രീകൾ ആരോഗ്യപരമായ പ്രശ്നങ്ങളെ അവഗണിക്കാതെ സമയബന്ധിതമായി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
പരിപാടിയിൽ ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. പങ്കെടുത്തവർക്ക് സംശയങ്ങൾ ചോദിക്കാൻ അവസരവും ഒരുക്കിയിരുന്നു. പരിപാടി സ്ത്രീകളിൽ ആരോഗ്യബോധം വർധിപ്പിക്കാൻ സഹായകമായി.കണ്ണൂർ ഗവൺമെൻറ് ആയുർവേദ കോളേജിലെ വിമൺ എംപവർമെൻറ് കമ്മിറ്റി “വികമല ഗ്രൂപ്പ്” അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഈ മാസം മുഴുവൻ വിവിധ ബോധവൽക്കരണവും ആരോഗ്യപരവുമായ പരിപാടികൾ സംഘടിപ്പിക്കുകയും പദ്ധതിയിടുകയും ചെയ്യുന്നു.
Awareness class organized



































