കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും വിമതരായി മത്സരിച്ച് വിജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോവിന്ദനെതിരെ ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വി ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവെയ്ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. തെറ്റ് തിരുത്താനുള്ള നടപടി പാര്‍ട്ടിയില്‍ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും കുറ്റപ്പെടുത്തി.
27 സ്ഥാനാത്ഥികള്‍ മണ്ഡലം കമ്മിറ്റി അംഗീകരിക്കാത്തവരാണെന്ന് ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. അതില്‍ 24 പേര്‍ തോറ്റു. തോല്‍വിയില്‍ ജില്ലാ കമ്മിറ്റിക്ക് പിശകില്ല. കബളിപ്പിക്കലാണ് നടക്കുന്നത്. പാര്‍ട്ടി വഞ്ചനയാണത്. തളിപ്പറമ്പില്‍ ഏതെങ്കിലും പാര്‍ട്ടി ഘടകം സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചിരുന്നോ എന്ന് ടി കെ ഗോവിന്ദന്‍ ചോദിച്ചു. ആരാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്? ജില്ലാ സെക്രട്ടറിയാണോ? എന്ത് തിരുത്തും എന്നാണ് വിശ്വസിക്കേണ്ടത് കീഴ്ഘടകങ്ങളുടെ ചര്‍ച്ചയുടെ കാര്‍ബണ്‍ കോപ്പി മേല്‍ കമ്മിറ്റിക്ക് കിട്ടുമല്ലോയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. റിവ്യൂ റിപ്പോര്‍ട്ട് അതിവിചിത്രമാണെന്നും ടി കെ ഗോവിന്ദന്‍ പരിഹസിച്ചു.
വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് സാധാരണ സംഭവിച്ചതാണോയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. വെള്ളാപ്പള്ളിയെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായില്ല. മതേതര മനസിനെ വ്രണപ്പെടുത്തുന്ന നിലപാടായിരുന്നു അത്. ആഗോള അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായി. പറന്നുവന്ന സന്ദേശമല്ലല്ലോ അയ്യപ്പ സംഗമത്തില്‍ വായിച്ചതെന്ന് ടി കെ ഗോവിന്ദന്‍ ചോദിച്ചു. ഡീലിന്റെ ഭാഗമാണ് ലാവ്‌ലിന്‍ കേസും വീണയ്‌ക്കെതിരായ കേസും നീണ്ടുപോകുന്നതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. തിരുത്താന്‍ തയ്യാറാണെങ്കില്‍ യഥാര്‍ത്ഥ വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറാകണം. അതിന് പരിഹാരം കാണണം. സത്യസന്ധമായ വിലയിരുത്തല്‍ നടത്തണം. അത് നടന്നില്ലെന്നാണ് റിവ്യൂ റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്നം ടി കെ ഗോവിന്ദന്‍ പറഞ്ഞു.
Content Highlight: V Kunjikrishnan and TK Govindan




































