തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം മുക്കുന്ന് ലേക് പാർക്കിന് സമീപം തീരദേശ പരിപാലന നിയമങ്ങൾ (CRZ) കാറ്റിൽപ്പറത്തിക്കൊണ്ട് അനധികൃത കെട്ടിട നിർമ്മാണം നടന്നിട്ടും അധികൃതർ ഒത്താശ ചെയ്യുന്നതായി പരാതി. പരിയാരം ഗ്രാമപഞ്ചായത്തിലെ മുക്കുന്ന് 12-ാം വാർഡിൽ ഉൾപ്പെടുന്ന പുഴയോരത്താണ് പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയർത്തിക്കൊണ്ട് നിർമ്മാണം പുരോഗമിക്കുന്നത്.
പുഴയുടെ തീരത്തുനിന്നും കൃത്യമായ ദൂരപരിധി പാലിക്കാതെ, വെറും 20-30 മീറ്ററിനുള്ളിലാണ് നിലവിൽ ബിൽഡിംഗിന്റെ ബെൽറ്റ് കോൺക്രീറ്റ് അടക്കമുള്ള ജോലികൾ ദ്രുതഗതിയിൽ നടക്കുന്നത്. നിർമ്മാണത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നിരിക്കെ, അത് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് നിലവിൽ ഇവിടെ നിർമ്മാണം തുടരുന്നത്.
ഇതുസംബന്ധിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി ലഭിച്ചിരുന്നെങ്കിലും യാതൊരുവിധ അന്വേഷണമോ തുടർനടപടികളോ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തം സ്ഥലത്ത് ഒരു വീട് നിർമ്മിക്കുന്നതിന് പോലും കർശനമായ നിയമങ്ങൾ പറയുന്ന അധികാരികൾ, പുഴയോരം കൈയേറിയുള്ള ഈ വൻകിട നിയമലംഘനത്തിന് നേരെ പൂർണ്ണമായും കണ്ണടയ്ക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും പൂർണ്ണമായ ഒത്താശയോടെയാണ് ഈ അനധികൃത നിർമ്മാണം നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ നിർമ്മാണവുമായി മുന്നോട്ടുപോകാൻ ധൈര്യം കാട്ടുന്നത് ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. തീരദേശ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുഴയോരത്ത് നടത്തുന്ന ഈ അനധികൃത നിർമ്മാണം എത്രയും വേഗം തടയണമെന്നും, ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഭരണസമിതി ഒത്താശയെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Content Highlight: Illegal construction on the riverbank in violation of the Coastal Zone Act




































