തളിപ്പറമ്പ്: 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി. വി. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റൈഡിൽ വൻ ലഹരിമരുന്ന് വേട്ട. തളിപ്പറമ്പ് ചിറവക്ക് ഭാഗത്ത് വെച്ച് 100 ഗ്രാം കഞ്ചാവും 25 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി അങ്കദ് യാദവ് (31) എക്സൈസ് സംഘത്തിന്റെ പിടിയിലായി. പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരവും കോട്പാ (COTPA) ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തളിപ്പറമ്പ്, ധർമ്മശാല, പൂവ്വം തുടങ്ങിയ ഭാഗങ്ങളിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും മൊത്തമായി എത്തിച്ചു നൽകുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ അങ്കദ് യാദവ്. ജോലി ആവശ്യത്തിനെന്ന വ്യാജേന അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തി ലഹരിവസ്തുക്കൾ വിതരണം ചെയ്യുകയാണ് ഇവരുടെ പ്രധാന രീതി. മംഗലാപുരത്തുനിന്നും കേരളത്തിലേക്ക് ലോഡുമായി വരുന്ന പച്ചക്കറി വാഹനങ്ങളിലെ ഡ്രൈവർമാരുമായി ബന്ധം സ്ഥാപിച്ച് അതിലൂടെയാണ് ഇയാൾ പ്രധാനമായും ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ചിരുന്നത്.
പരിശോധനകളെ വെട്ടിക്കാൻ കൗശലപൂർവ്വം വിപണനം
നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ച ശേഷമുള്ള സിപ്പ് ലോക്ക് കാലി കവറുകൾ കഴുകി വൃത്തിയാക്കി, അതിനുള്ളിൽ കഞ്ചാവ് നിറച്ചായിരുന്നു ഇയാൾ ചില്ലറ വില്പന നടത്തിയിരുന്നത്. എക്സൈസോ പോലീസോ പരിശോധിച്ചാൽ പുകയില ഉൽപ്പന്നം മാത്രമാണെന്ന് കരുതി കോട്പാ (COTPA) നിയമപ്രകാരം ചെറിയ കേസ് മാത്രമെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന ധാരണയിലാണ് പ്രതി ഈ രീതി അവലംബിച്ചിരുന്നത്. പ്രതിയുടെ മൊബൈൽ ഫോണിലേക്ക് മലയാളികൾ അടക്കം നിരവധി പേർ കഞ്ചാവിനായും പുകയില ഉൽപ്പന്നങ്ങൾക്കായും വിളിച്ചിട്ടുള്ളതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു വി. വി, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) മുഹമ്മദ് ഹാരിസ് കെ, ഉല്ലാസ് ജോസ്, നികേഷ് കെ. വി എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Content Highlight: Uttar Pradesh native arrested in Taliparamba with ganja and banned tobacco products.



































