നടുവിൽ: 'ഓപ്പറേഷൻ തണ്ടർ' സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ചാരായവുമായി യുവാവ് പിടിയിലായി. നടുവിൽ ഞണ്ണമല - മാമ്പള്ളം ഭാഗത്ത് വെച്ച് ഉദ്ദേശം 2.5 ലിറ്റർ ചാരായം കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന പുതുശ്ശേരി വീട്ടിൽ പി.കെ. കുഞ്ഞമ്പുവിന്റെ മകൻ പി. കെ. അഭിലാഷ് (36) ആണ് അറസ്റ്റിലായത്.
ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. ആർ. സജീവിൻ്റെ നേതൃത്വത്തിൽ നടുവിൽ, മണ്ടളം, മാമ്പള്ളം എന്നീ ഭാഗങ്ങളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) പി.കെ. രാജീവ്, സി.കെ. ഷിബു, പി. ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ് ടി., വിഷ്ണു പി. ജി., വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ. അനുജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Content Highlight: Young man caught by Excise with 2.5 liters of arrack.


































