കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു. പി.ആർ. ചേംബറിൽ ടി.ഒ. മോഹനൻ എം.എൽ.എ ലോട്ടറി പ്രകാശനം നിർവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു.
എ.ഡി.എം പി.എൻ. പുരുഷോത്തമൻ മുഖ്യാതിഥിയായി. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ജില്ലാ പ്രസിഡന്റ് പി.വി. സജേഷ്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മടപ്പള്ളി, ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം. മനോജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.കെ. രജിത്കുമാർ, അസിസ്റ്റന്റ് ഓഫീസർ ടി. പ്രദീപൻ എന്നിവർ സംസാരിച്ചു.
ഇത്തവണ ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് തിരുവോണം ബംപർ പുറത്തിറക്കിയത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. ഒന്നാം സമ്മാന ടിക്കറ്റ് വിറ്റ ഏജന്റിന് 3 കോടി രൂപ ഏജൻസി സമ്മാനവും നൽകും. തിരുവോണം ബംപറിലൂടെ ഇത്തവണ 22 കോടിപതികളെ സൃഷ്ടിക്കാനാണ് ലക്ഷ്യം. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും, നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും നൽകും. ഇതുകൂടാതെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള നിരവധി ചെറു സമ്മാനങ്ങളുമുണ്ട്.
ഏജന്റുമാർക്ക് ഡിസ്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇൻസെന്റീവ് കൂടി നൽകും. കള്ളടിക്കറ്റ് തടയുന്നതിന് ഫ്ലൂറസെന്റ് മഷിയുള്ള അച്ചടിയും ഇത്തവണ ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 പരമ്പരകളായി പുറത്തിറങ്ങുന്ന ടിക്കറ്റിന് 500 രൂപയാണ് വില. സെപ്റ്റംബർ 26 വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്.
Content Highlight: Thiruvonam Bumper district-level launch held in Kannur


































