പഴയങ്ങാടി :- എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽ കിയ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടി സ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. പരിശോധന വൈകീട്ടുവരെ നീണ്ടു. ഡ്രഗ്സ് ഇൻസ്പെക്ടർ പി.എം സന്തോഷ്, ഡ്രഗ്‌സ് ഇൻസ്പെക്ടർ ഇൻ്റലിജൻസ് ബ്രാഞ്ച് ഇ.എൻ ബിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇതിനു പിന്നാലെ മെഡിക്കൽ ഷോപ്പ് താത്കാലികമായി അടപ്പിച്ചു.

ഈ മാസം എട്ടിനാണ് അസുഖബാധിതയായ കുട്ടിയെ മെഡിക്കൽ ഷോപ്പിനു തൊട്ടടുത്തുള്ള ഡോക്ടർ പരിശോധിച്ചത്. ഡോക്ടർ കുറിച്ച സിറപ്പിന് പകരം തുള്ളിമരുന്ന് നൽകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. സിറപ്പിന്റെ അളവിൽ കൊടുക്കാനെഴുതിയത് അതേ അളവിൽ തുള്ളിമരുന്ന് നൽകിയതാണത്രെ കുട്ടിയെ അവശയാക്കിയത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ആദ്യം ചികിത്സ തേടിയ ഡോക്ടറുടെ നിർദേശത്തെത്തുടർന്നാണ് കുട്ടിയെ വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മെഡിക്കൽ ഷോപ്പ് ഉടമയെ അറിയിച്ചപ്പോഴും നിസ്സംഗത കാണിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്നാണ് കുട്ടിയുടെ അടുത്ത ബന്ധു പഴയങ്ങാടി പോലീസിൽ പരാതി നൽകിയതും സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂർ അസിസ്റ്റന്റ് കൺട്രോളർക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടിക്രമങ്ങൾ സ്വീകരിക്കുക. അതേസമയം ഈ മെഡിക്കൽ ഷോപ്പ് കേന്ദ്രീകരിച്ച് ഇതിനുമുൻപും പരാതികളുണ്ടായിരുന്നു.
medicine incident