തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പൂന്തുരുത്തി തോട്ടിന് നഗരസഭാ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിൻ്റെ പ്രവൃത്തി അശാസ്ത്രീയമാണെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി സുരേഷ്.

പാലത്തിൻ്റെ പ്രവർത്തി പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും ഉത്സവത്തോടനുബന്ധിച്ച് ആളുകൾക്ക് കടന്നു പോകുന്നതിന് വേണ്ടി തൽക്കാലത്തേക്ക് മണ്ണ് മണ്ണിട്ട് ഉയർത്തി വഴിയൊരുക്കുകയായിരുന്നു എന്നും ഉത്സവത്തിന് ശേഷം പ്രവർത്തി പൂർത്തീകരിക്കുമെന്നും സുരേഷ് പറഞ്ഞു.
പൂന്തുരുത്തി തോട്ടിലെ മലിനമായ വെള്ളം ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർ കൈക്കുമ്പിളിൽ കോരുകയും ശരീരത്തിൽ തളിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. കൂടാതെ നേരത്തെ ഇവിടെ നിർമ്മിച്ച പാലത്തിലെ പടവുകൾ കയറാൻ പ്രായമായവർ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയുമുണ്ടായിരുന്നു.ഇതിന് പരിഹാരം ഉണ്ടാക്കാനാണ് നഗരസഭ പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ പാലം നിർമ്മിക്കുവാൻ തീരുമാനിച്ചത്. പാലത്തോടൊപ്പം തന്നെ അമ്പലം ഭാഗത്തുനിന്നും ഒഴുകിവരുന്ന മഴവെള്ളം തോട്ടിലേക്ക് ഒഴുകി പോകുന്നതിനുള്ള ഡ്രൈനേജ് നിർമ്മിക്കാനും ഇന്റർലോക്ക് പതിപ്പിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
പാലത്തിൻ്റെ പ്രവൃത്തി ഡിസംബറിൽ തന്നെ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മഴപെയ്ത് തോട്ടിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാക്കുകയും ചെയ്തതിനാൽ പ്രവൃത്തി നീണ്ടുപോയി.പിന്നീട് ജനുവരി ആദ്യത്തോടെ പ്രവൃത്തി തുടങ്ങുകയും ഫെബ്രുവരി അവസാനത്തോടെ പാലത്തിൻ്റെ പണി പൂർത്തിയാക്കുകയും ചെയ്തെങ്കിലും ഉത്സവം പ്രമാണിച്ച് ബാക്കിയുള്ള പ്രവൃത്തി നിർത്തിവച്ച് തൽക്കാലം മണ്ണ് ഇട്ട് ഉയർത്തി ജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് സുഗമമായി കടന്നു പോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
എന്നാൽ ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി പെയ്ത മഴയിൽ അമ്പലം ഭാഗത്തുനിന്നും ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടക്കുകയും ഭക്തജനങ്ങൾക്കും സമീപത്തെ കച്ചവടക്കാർക്കും എല്ലാം ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്ഥിതിയും ഉണ്ടായി. തുടർന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സേവാ സമിതി പ്രവർത്തകരും കച്ചവടക്കാരും അടിയന്തരമായി ഇടപെട്ട് വെള്ളം കോരി മാറ്റുകയും ഭക്തജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്തു.
മഴയെ തുടർന്ന് വെള്ളം കെട്ടി നിന്നതോടെയാണ് വസ്തുതകൾ പരിശോധിക്കാതെ പാലം പ്രവൃത്തി തികച്ചും അശാസ്ത്രീയമാണെന്ന രീതിയിൽ ചിലർ പ്രചരണം അഴിച്ചുവിട്ടത്. ഇത് തീർത്തും വാസ്ഥവ വിരുദ്ധമായ കാര്യമാണ്.ഉത്സവം കഴിയുന്നതോടുകൂടി ഡ്രൈനേജ് പ്രവർത്തി പൂർത്തിയാക്കി ഇൻറർലോക്ക് പതിച്ച് വളരെ നല്ല രീതിയിൽ ഉള്ള യാത്ര സൗകര്യം ഒരുക്കും.
ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്നും മാറിനിൽക്കണമെന്നും വാർഡ് കൗൺസിലർ പി.വി സുരേഷ് അഭ്യർത്ഥിച്ചു
p v suresh