പരിയാരം: ഇന്ത്യയിൽ തന്നെ ഒരു സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൽ ആദ്യമായി നടത്തിയ ക്യാപ്സ്യൂൾ ലീഡ്ലെസ് പേസ്മേക്കർ ( AVIER) ചികിത്സ എന്ന അത്യപൂർവ്വ നേട്ടം ഇനി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗത്തിന് സ്വന്തം. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിനിയായ 68കാരിക്കാണ് അതിനൂതനമായ AVIER പേസ്മേക്കർ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം പ്രൊഫസ്സർ ഡോ. രാമകൃഷ്ണ സി. ഡി, ഇലെക്ട്രോഫിസിയോളജിസ്റ്റ് ഡോ. അരുൺ ഗോപി എന്നിവരടങ്ങുന്ന സംഘം ഹൃദ്രോഗവിഭാഗം മേധാവി ഡോ. ജയറാമിന്റെ മേൽനോട്ടത്തിൽ ആണ് നൂതനമായ ഈ ചികിത്സാരീതി വിജയകരമായി നടത്തിയത്.

ഹൃദയമിടിപ്പ് കുറഞ്ഞ് അപകടാവസ്ഥയിലാകുന്ന രോഗികൾക്ക് ശസ്ത്രക്രിയകൂടാതെ തന്നെ ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ കാലിലെ രക്തക്കുഴൽ വഴി ഹൃദയത്തിൽ ഘടിപ്പിക്കുന്ന അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർ ( AVIER ) ചികിത്സ രീതിയാണ് ഈ രോഗിയിൽ നടത്തിയത്.
നിലവിലുള്ള മറ്റു പേസ്മേക്കറുകളെക്കാൾ മികച്ച ഈ ഉപകരണത്തിൻ്റെ ബാറ്ററിക്ക് ഇരുപത് വർഷത്തോളം ആയുസ്സുണ്ട് . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ രോഗിക്ക് ഇതിനു മുൻപ് ഘടിപ്പിച്ച പേസ്മേക്കറിന് പുറംഭാഗത്തുള്ള തൊലിയിൽ സ്കിൻ ഇറോഷൻ എന്ന അവസ്ഥ സംജാതമായതിനാൽ ജീവൻ നിലനിർത്താൻ പഴയ ഉപകരണം മാറ്റി ഇത്തരത്തിലുള്ള പേസ് മേക്കർ ഘടിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവു വരുന്ന ചികിത്സ സംസ്ഥാന സർക്കാരിന്റെ ട്രൈബൽ വകുപ്പിൽ നിന്നുള്ള പ്രത്യേക ധനസഹായത്തിൽ ആശുപത്രി അധികൃതരുടെ ശ്രഫലമായി ഉൾപ്പെടുത്തി പൂർണ്ണമായും സൗജന്യമായാണ് ചെയ്തു നൽകിയത്. ആരോഗ്യവകുപ്പിന്റെ പ്രത്യേകമായ കരുതൽ ഈ ധനസഹായഫണ്ട് കൃത്യസമയത്ത് ലഭിക്കാൻ സഹായകമായി. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അഭിനന്ദിച്ചു.
capsule pacemaker