പയ്യന്നൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പയ്യന്നൂരിലെ ഇൻഫിനിറ്റി സൈൻ, ടോട്ടോ അഡ്വർടൈസ്മെന്റ് സൊല്യൂഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും സംഭരിച്ചു വെച്ചതുമായ എട്ടോളം നിരോധിത ഫ്ലെക്സ് റോളുകൾ പിടികൂടി.
ഇൻഫിനിറ്റി സൈൻ എന്ന സ്ഥാപനത്തിൽ നിന്നും ഇലക്ഷന് വേണ്ടി നിയമപ്രകാരമുള്ള ലോഗോയും മറ്റും രേഖപ്പെടുത്താത്ത വസ്തുക്കളും സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം പിഴ ചുമത്തി. ഓരോ പ്രിന്റിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ഹോർഡിങ് / ബാനർ അപ്പ്രൂവൽ സർട്ടിഫിക്കറ്റിലേക്ക് നയിക്കുന്ന ക്യു ആർ കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം എന്ന് ഉത്തരവുള്ളപ്പോഴാണ് നഗ്നമായ നിയമ ലംഘനം. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്.കൂടാതെ പേപ്പറുകളും 100% കോട്ടൺ തുണികളും പ്രചരണത്തിന് ഉപയോഗിക്കാം.
നിയമലംഘനത്തിന് കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നും സ്‌ക്വാഡ് നിരോധിത ഫ്ലെക്സ് റോളുകൾ പിടിച്ചെടുത്തിരുന്നു. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ശ്യാം കൃഷ്ണ ഒ കെ തുടങ്ങിയവർ പങ്കെടുത്തു.
District Enforcement Squad imposes Rs. 20,000 fine for banned flex printing again




































