തളിപ്പറമ്പ്: 'സ്വന്തം' എന്ന് പേരിട്ട പദ്ധതിയിലൂടെ 100 കുടുംബങ്ങള്‍ക്ക് ജാതിമത ഭേദമന്യേ 2000 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക തീരുമാനിച്ചതായി വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ അറിയിച്ചു.ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായും ഡിസംബര്‍ മാസം മുതല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസം 2 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. വിട്ടുമാറാത്ത രോഗങ്ങള്‍ അനുഭവിക്കുന്നവര്‍, സ്വന്തമായി വീടില്ലാത്തവര്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പരമാവധി ആളുകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.എല്ലാവരും നമുക്ക് സ്വന്തം ആരും അന്യരല്ല എന്ന സന്ദേശമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.അപേക്ഷ സ്വീകരിച്ച ശേഷം അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടവക കമ്മറ്റി പരിശോധക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഇടവകാംഗങ്ങളുടെ സംഭാവനകളാണ് പെന്‍ഷന്‍ ഫണ്ടായി സ്വീകരിച്ചത്.
6 മാസത്തേക്ക് പെന്‍ഷന്‍ നല്‍കാനുള്ള തുക ഇതിനകം ലഭിച്ചുകഴിഞ്ഞതായും കൂടുതല്‍ ഇടവകാംഗങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ടെന്നും ഫാ.മാത്യു ആശാരിപ്പറമ്പില്‍ പറഞ്ഞു.കൂടുതല്‍ ആവശ്യക്കാരെ കണ്ടെത്തി സഹായം നല്‍കുന്നതിലേക്ക് ഈ പദ്ധതി വിപുലീകരിക്കാനും ഉദ്ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിവിധ മതസ്ഥാപനങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്ന അര്‍ഹതപ്പെട്ടവര്‍ക്കും പെന്‍ഷന്‍ ലഭിക്കുെമന്നും ഫാ.മാത്യു ആശാരിപ്പറമ്പില്‍ പറഞ്ഞു.പരിയാരം മദര്‍ഹോമിന്റെ സ്ഥാപക ഡയരക്ടറും നിരവധി പുതിയ ആശയങ്ങളുടെ പ്രയോക്താവുമാണ് ഫാ.മാത്യു ആശാരിപ്പറമ്പില്‍.
St. Mary's Forona Parish, Taliparamba, will provide a pension of Rs. 2,000 each to 100 people.





































