കണ്ണൂർ: ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ രൂപാന്തരം എന്ന വിഷയത്തിൽ മെസ്ന എഴുതിയ 'ചോരയിലേക്ക് ഒരു പ്ലാസ്റ്റിക് സർജറി' എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
'ശിക്ഷ ലഭിക്കാത്ത ചില ആൾമാറാട്ടങ്ങൾ നടത്താനുള്ള മന്ത്രം
അവൾ മറന്നുപോയപ്പോഴാണ്വാതിലുകളില്ലാത്ത
മുറിയിൽ
ജാലകങ്ങൾ
ജനിച്ചത്.'
എന്ന വരികളിൽ ആരംഭിച്ച കവിതയിൽ സ്ത്രീകൾക്കു നേരെയുള്ള ചൂഷണങ്ങൾക്കെതിരെ മെസ്ന എഴുതി.സ്വപ്നങ്ങളിൽ നിന്ന് സ്വപ്‌നങ്ങൾ നഷ്‌ടപ്പെട്ട അവസ്ഥയിലേക്ക് രൂപാന്തരം ചെയ്യാൻ നിർബന്ധിതയായ ഒരു സ്ത്രീ പുരാണങ്ങളിലെ കഥാപാത്രമായും തെയ്യക്കോലമായും മനസുകൊണ്ട് രൂപാന്തരം നടത്തി ശക്തയാകുന്നതായിരുന്നു കവിതയുടെ പ്രമേയം.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാന തലത്തിൽ കവിതാരചനയിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഈ വർഷം പാലക്കാട് വെച്ച് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിലും എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. മെസ്നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത സ്കൂൾ കുട്ടികൾക്ക് പഠിക്കാനായി സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരവും മുല്ലനേഴി കാവ്യപ്രതിഭ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ. ബീനയുടെയും ഏക മകളാണ്.
Mesna achieves great success in poetry writing





































