കണ്ണൂർ : അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്ത് വയസ് തോന്നിക്കുന്ന കടുവയെ രാത്രി പന്ത്രണ്ടോടെ വയനാട് കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി. കൊന്ന പശുക്കളെ തിന്നാൻ കടുവ തിരിച്ചെത്തുമെന്ന നിഗമനത്തിൽ കിടാരിയുടെ ജഡം വച്ച് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.
വ്യാഴാഴ്ച രാത്രി രണ്ട് കറവപ്പശുക്കളെയും ഗർഭിണിയായ മറ്റൊന്നിനെയും കിടാരിയെയുമാണ് കടുവ കൊന്നത്. പാലത്തുംകടവിലെ പുല്ലാട്ടുകുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും ഫാമിലെ പശുക്കളാണി ത്. തൊഴുത്തിന്റെ പുൽക്കൂട് ഭാഗത്തുകൂടി എത്തിയ കടുവ കിടാരിയെ കടിച്ചുകൊന്ന് വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ തടിച്ച ഇരുമ്പുദണ്ഡ് കൊണ്ട് നിർമിച്ച പുൽക്കൂടിനുള്ളിലൂടെ കിടാരിയെ പുറത്തേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല.
ഇതോടെ സമീപത്ത് കെട്ടിയ മറ്റ് പശുക്കളേയും കടിച്ചു കൊന്നെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പുൽക്കൂടിന്റെ ഭാഗത്ത് രക്തം തളം കെട്ടിക്കിടിപ്പുണ്ട്. ഈ രക്തത്തിൽ കടുവയുടെ കാൽപ്പാദം പതിഞ്ഞിരുന്നു. തൊഴുത്തിന്റെ താഴെ ഭാഗത്ത് ചാണകവും വെള്ളവും കെട്ടിക്കിടന്ന ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞു. ഇവ പരിശോധിച്ചാണ് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
Tiger

































