തളിപ്പറമ്പ് : വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് സമഗ്ര സ്വഭാവത്തിലുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കുന്നതിന് അധികൃതർ മുൻകൈയെടുക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കിടയിൽ ഉയരുന്ന വിഷാദം, ആത്മഹത്യ പ്രവണത, സാമൂഹ്യ ആഭിമുഖ്യമില്ലായ്മ തുടങ്ങിയ പ്രവണതകളെ പൊതുസമൂഹവും രക്ഷകർത്താക്കളും ഗൗരവത്തിലെടുക്കണം. സവിശേഷ മാനസികാവസ്ഥകളെ വിഷാദമായി തെറ്റായി ധരിക്കുന്നവരും അത് മൂലം അവരുടെ ജീവിത സാഹചര്യങ്ങളെയും പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയുള്ളവരും വിദ്യാർത്ഥികളിൽ നല്ല പക്ഷമുണ്ട്. അത്തരക്കാരെ ലക്ഷ്യമാക്കി ഇത് സംബന്ധിച്ച വിപുലമായ പ്രചാരണ ക്യാമ്പയിനുകൾ ആസൂത്രണം ചെയ്യണം.
ശാരീരികാവസ്ഥയെ പരിപാലിക്കുന്നത് പോലെ മാനസികാരോഗ്യവും പ്രധാനമാണെന്നത് ബോധ്യപ്പെടുത്തണം. പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് ആശ്രയിക്കാവുന്ന വ്യവസ്ഥാപിത സംവിധാനങ്ങൾക്ക് രൂപം നൽകണം. ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്നവരെ തെറ്റായി ചിത്രീകരിക്കുന്ന സാമൂഹ്യ പരിപ്രേക്ഷ്യത്തിലും മാറ്റങ്ങൾ കൊണ്ട് വരാവുന്ന ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഈ ലക്ഷ്യത്തിലുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
ഈ രംഗത്തെ അൽപജ്ഞാനികളെയും വ്യാജന്മാരെയും സമൂഹം കരുതിയിരിക്കണം. ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ സ്വാധീനിക്കുന്ന സ്ഥിതിയുണ്ട്. ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ബോധവത്കരണ ശ്രമങ്ങൾ നടത്തുന്നതിനും അധികൃതർ സജ്ജമാക്കണമെന്നും കൂട്ടിച്ചേർത്തു.
വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അൽവാൻ വിന്റർ ക്യാമ്പിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ ഹാഷിം നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷിബിലി തളിപ്പറമ്പ് അധ്യക്ഷനായി.
പ്രൊഫ. സഹദ്, ഷുക്കൂർ ചക്കരക്കൽ, ജാഫർ കാവുംപടി, അബ്ദുൽ ഹാദി കുറുമാത്തൂർ എന്നിവർ വിവിധ പഠന സെഷനുകളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിസ്‌ഡം യൂത്ത് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചുഴലി, സെക്രട്ടറി അബ്ദുൽ റസാഖ്, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ നജീബ്, സലാം മാസ്റ്റർ, വിസ്ഡം സ്റ്റുഡൻസ് മണ്ഡലം ഭാരവാഹികളായ ഷിദാദ്, അമീഖ്, അർഷദ്, ഹിജാസ്, ഹാഷിം, ഹഫീദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറിൽപരം വിദ്യാർത്ഥികൾ പ്രതിനിധികളായി പങ്കെടുത്തു.
Wisdom Students Taliparamba



.jpg)






.jpg)



























