കണ്ണൂർ: ലഹരിക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് സംഘടിപ്പിക്കും.അഡ്വ. സജീവ് ജോസഫ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. 4000-ത്തോളം പേർ റാലിയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്ലോട്ടുകൾ, വർണാഭമായ ബാൻഡ് മേളങ്ങൾ, വാദ്യമേളങ്ങൾ, ഫ്ലാഷ് മോബ് അവതരണങ്ങൾ എന്നിവയായിരിക്കും റാലിയുടെ പ്രധാന ആകർഷണങ്ങൾ. മികച്ച ഫ്ലോട്ടുകൾക്ക് ക്യാഷ് അവാർഡുകളും നൽകും. ക്യാമ്പയിന്റെ ഭാഗമായി റീൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് സമാപനച്ചടങ്ങിൽ രമേശ് ചെന്നിത്തല ക്യാഷ് അവാർഡുകളും മൊമെന്റോകളും വിതരണം ചെയ്യും. ടൗൺ സ്ക്വയറിൽ രാവിലെ 11.30ന് ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും നടക്കും. പ്രശസ്ത സിനിമാതാരം എസ്തേർ അനിൽ, നോർത്ത് സോൺ ഐ.ജി. പുട്ട വിമലാദിത്യ ഐ.പി.എസ്, കണ്ണൂർ റൂറൽ എസ്.പി. ഉമേഷ് ഗോയൽ ഐ.പി.എസ്, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലേക്ക് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഡ്വ. സജീവ് ജോസഫ് അറിയിച്ചു.
Content Highlight: 'Operation Toofan' anti-drug campaign to be held in Sreekandapuram on July 18; Home Minister Ramesh Chennithala to inaugurate it.




































