തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി എത്ര കാലം നീണ്ടുനിൽക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയിൽ ഉണ്ടായ വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആവശ്യമായിരുന്നത് 3500 മുതൽ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നു.
എന്നാൽ ഇത്തവണ അത് 4600 മുതൽ 4800 മെഗാവാട്ട് വരെയായി ഉയർന്നു. പുതിയ സ്ഥാപനങ്ങൾ, വീടുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പുതിയ ഉപകരണങ്ങൾ എന്നിവ വന്നതോടെയാണ് ഉപഭോഗം കുത്തനെ കൂടിയത്. അതേസമയം വൈദ്യുതി ഉത്പാദനം കുറഞ്ഞതും പ്രശ്നം രൂക്ഷമാക്കി. ജലസംഭരണികളിലെ ജലത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്ന ജലനിരപ്പ് ഇത്തവണ 28 ശതമാനം മാത്രമാണ്. ഉത്പാദനത്തിലെ കുറവും ഉപഭോഗത്തിലെ വർധനവും ചേർന്നാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിച്ചുവരികയാണ്. ജൂൺ മാസത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ, മെയ് മാസത്തെ പ്രതിസന്ധി നേരിടാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു.
അത് ഇപ്പോൾ തിരികെ നൽകിക്കൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാനും ശ്രമിക്കുന്നുണ്ട്. ഇതിനായി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlight: Severe power crisis in the state; Minister Sunny Joseph says it is impossible to predict how long it will last.




































