ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിലെ നാടുകാണിയിൽ കിൻഫ്രാ കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്ന മെട്രോ പാനൽസ്, ഓസോൺ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്ക് അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ വീതം പിഴ ചുമത്തി. മെട്രോ പാനൽസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിന്റെ പുറകിൽ ചുറ്റു മതിലിനു പുറത്തേക്ക് വലിയ തോതിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതായി കണ്ടെത്തി.സ്‌ക്വാഡ് പരിശോധന തുടരുന്ന വേളയിൽ സ്ഥാപനത്തിലെ ജീവക്കാരൻ മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സ്‌ക്വാഡ് പകർത്തി.ക്വാർട്ടേഴ്സിന്റെ അടുക്കളയിൽ നിന്നും സ്ഥാപനത്തിന്റെ ഉള്ളിൽ നിന്നുമുള്ള ദ്രവ മാലിന്യം തുറസായി ഒഴുക്കി വിടുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി.ഓസോൺ പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ അടുക്കളയിൽ നിന്നും മലിന ജലം തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. പന്നി ഫാമിലേക്ക് കൊടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ പ്ലാസ്റ്റിക് കവറുകളും ഇട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ക്വാർട്ടേഴ്സിന്റെ പുറത്ത് മറ്റൊരു പറമ്പിലും ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാർ ജി തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal