തളിപ്പറമ്പ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തീപ്പിടത്തമുണ്ടായാൽ ഉടനടി തീ അണയ്ക്കുന്നതിനുള്ള കണ്ണൂർ ജില്ലയിലെ ആദ്യത്തെ വാട്ടർ ഹൈഡ്രന്റ് സംവിധാനം തളിപ്പറമ്പിൽ സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തളിപ്പറമ്പ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജില്ലാ ഓഫീസറുടെ അഭ്യർത്ഥന പരിഗണിച്ചാണ് തുക അടിയന്തിരമായി അനുവദിച്ചത്. നിലവിൽ തീപ്പിടത്തമുണ്ടായാൽ അഗ്നി സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ എത്തിയാണ് തീ അണക്കുന്നത്. എന്നാൽ ഈ സംവിധാനം സ്ഥാപിക്കുന്നതോടെ തളിപ്പറമ്പ് ഫയർ സ്റ്റേഷനിലെ യൂണിറ്റുകൾക്ക് തടസ്സമില്ലാതെ വെള്ളം ലഭ്യമാക്കാനും അതുവഴി രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സാധിക്കും.മറ്റ് സ്ഥലങ്ങളിൽ നിന്നും ഫയർ ആൻഡ് റെസ്‌ക്യൂ വാഹനങ്ങൾ എത്താതെ തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇതുകൊണ്ട് സാധിക്കും.
നഗരത്തിൽ അഗ്നി ബാധയുണ്ടായാൽ കണ്ണൂർ പയ്യന്നൂർ ഭാഗങ്ങളിൽ നിന്നും ഫയർ എൻജിൻ എത്തിച്ചേരുന്നതിന് നഗരത്തിലെ ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെ തടസ്സമാകുന്ന സാഹചര്യമുണ്ടായാൽ അപകട സാധ്യത വർധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വാട്ടർ ഹൈഡ്രൻ്റുകൾ തയ്യാറാകുന്നതോടെ നിമിഷങ്ങൾക്കകം വെള്ളമെത്തിച്ച് തീഅണക്കാൻ സേനക്ക് സാധിക്കും എന്നതാണ് ഇതിന്റെ മേന്മ.


തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൻ്റെ പരിധിയിൽ വരുന്ന മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളിലാണ് വാട്ടർ ഹൈഡ്രൻ്റുകൾ സ്ഥാപിക്കുക. ധർമശാല ഇൻഡസ്ട്രിയൽ ഏരിയ, തളിപ്പറമ്പ് ടൗൺ , തളിപറമ്പ് മുൻസിപ്പാലിറ്റി ക്ക് സമീപം , കാഞ്ഞിരങ്ങാട് നിർദിഷ്ട ഫയർ സ്റ്റേഷൻ, നാടുകാണി കിൻഫ്ര , കൂനം എന്നിവിടങ്ങളിൽ ഹൈഡ്രൻ്റുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക . ഇതിനാവശ്യമായ 14 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചു കൊണ്ട് ഉത്തരവായത്.
തളിപ്പറമ്പിൽ ഉണ്ടായത് പോലുള്ള വലിയ നാശനഷ്ടം ഉണ്ടായ തീപ്പിടിത്തം ജില്ലയിൽ ഉണ്ടായ അനുഭവം നമുക്കില്ല. കെട്ടിടത്തിന്റെ ഘടനയും,കെട്ടിടത്തിൽ ഉണ്ടായിരുന്ന എളുപ്പത്തിൽ തീപ്പിടിക്കുന്ന വസ്തുക്കളുടെ സാന്നിധ്യവും തീയണക്കുന്ന പ്രവർത്തനം ഏറെ ദുഷ്ക്കരമാക്കി.എന്നിട്ടും അതിസാഹസികമായാണ് മൂന്ന് മണിക്കൂറിൽ തീ നിയന്ത്രണ വിധേയമാക്കുകയും അർദ്ധ രാത്രിയോടെ പൂർണ്ണമായും തീ അണക്കാനും സാധിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ജില്ലയിലാദ്യമായി ഫയർ ഹൈഡ്രൻ്റുകൾ സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. തീപ്പിടിത്തം പോലുള്ള അത്യാഹിതങ്ങളെ ഫലപ്രദമായി നേരിടാൻ ഇതുകൊണ്ട് സാധിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.
Rs. 14 lakhs urgently allocated